വരുന്നു ഇന്റർസിറ്റി, സൗദിയിൽ

സൗദിയിലെ 200 നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇന്റര്‍ സിറ്റി ഗതാഗത പദ്ധതി വരുന്നു

സൗദി അറേബ്യയിലെ നഗരങ്ങള്‍ക്കിടയില്‍ ബസുകളില്‍ യാത്രക്കാരെ എത്തിക്കുന്നതിനുള്ള ഏറ്റവും വലിയ ഇന്റര്‍സിറ്റി ഗതാഗത പദ്ധതിക്കുള്ള കരാറില്‍ സൗദി അറേബ്യന്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (പിടിഎ) ഒപ്പുവച്ചു. 200-ലധികം നഗരങ്ങളെയും ഗവര്‍ണറേറ്റുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ഗതാഗത ശൃംഖലയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ഇതു വഴി പ്രതിവര്‍ഷം ആറ് ദശലക്ഷത്തിലധികം പേര്‍ക്ക് യാത്രാ സേവനം ലഭിക്കുമെന്ന് പിടിഎ അധികൃതര്‍ അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന പരിസ്ഥിതി സൗഹൃദ ബസുകളുടെ ഒരു പുതിയ ശ്യംഖലയായിരിക്കും സര്‍വീസുകള്‍ക്കായി ഉപയോഗിക്കുക. 76 റൂട്ടുകളില്‍ ബസുകൾ സര്‍വീസ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.


ഇന്റര്‍സിറ്റി ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് മേഖലയിലെ ആദ്യത്തെ വിദേശ നിക്ഷേപമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതെന്നും ഇത് ഈ മേഖലയില്‍ ഭാവി നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കുമെന്നും ഗതാഗത ലോജിസ്റ്റിക്സ് മന്ത്രിയും പിടിഎയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സാലിഹ് അല്‍ ജാസര്‍ പറഞ്ഞു. 

വെല്ലുവിളികളെ വിജയകരമായ നിക്ഷേപ അവസരങ്ങളാക്കി മാറ്റുന്നതില്‍ പിടിഎയുടെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ഈ പദ്ധതി ഒരു വര്‍ഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് 3.22 ബില്യണ്‍ റിയാല്‍ കൂട്ടിച്ചേര്‍ക്കും. രാജ്യത്തിന്റെ ടൂറിസം വികസനത്തിനും ഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അതുവഴി വിവിധ മേഖലകളുടെ വികസനത്തിനും സഹായകമാണ് പദ്ധതിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


സാമ്പത്തിക വൈവിധ്യവല്‍ക്കരണം മെച്ചപ്പെടുത്തുന്നതിനും സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കുന്നതിനും ഇത് സംഭാവന ചെയ്യും. 2030-ഓടെ രാജ്യത്ത് പൊതുഗതാഗതം ഉപയോഗിക്കുന്ന യാത്രക്കാരുടെ ശതമാനം നിലവിലെ ഒരു ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തുക എന്നതാണ് ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളുടെ ദേശീയ തന്ത്രത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന് പുതിയ ഇന്റര്‍സിറ്റി ബസ് സര്‍വീസ് പദ്ധതി സഹായകമാവും. 

നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് ഗതാഗത മേഖലയുടെ വികസനം. ഗതാഗതത്തില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ ശതമാനം 2030-ല്‍ 25 ശതമാനമാക്കി കുറയ്ക്കുകയെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ പുതിയ പദ്ധതി സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

 
Previous Post Next Post