നാട്ടിൽ പോയിട്ട് 15 വർഷം, ശാരീരിക ബുദ്ധിമുട്ടികൾ കാരണം നാട്ടിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ കെെവശം ഉള്ളത് കാവാവധി തീർന്ന പാസ്പോർട്ട്, ഒടുവിൽ മരണത്തിലേക്ക്
നാട്ടിൽ പേകാതെ സൗദിയിൽ മലയാളി കഴിഞ്ഞത് 15 വർഷം. ഇത്രയും നാൾ സൗദിയിൽ നിന്ന് അധ്വാനിച്ചിട്ട് കാര്യമായി ഒന്നു സമ്പാദിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടില്ല. പത്തനംതിട്ട റാന്നി നാരങ്ങാനം സ്വദേശി കാട്ടൂർപേട്ട മേലേവീട്ടിൽ വേണുഗോപാല പിള്ളയാണ് കഴിഞ്ഞ ദിവസം റിയാദിൽ മരിച്ചത്. 68 വയസായിരുന്നു. നാട്ടിൽ ജീവിക്കാനുള്ള അദ്ദേഹത്തെ മോഹങ്ങൾ ബാക്കിയാക്കിയാണ് അദ്ദേഹം മരണത്തിലേക്ക് പോയത്.
റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ ആയിരുന്നു ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചാണ് ഇദ്ദേഹം മരിക്കുന്നതും. മൃതദേഹം നാട്ടിലെത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സാമൂഹിക പ്രവർത്തകർ ആണ് ഇദ്ദേഹത്തന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള സഹായങ്ങൾ ചെയ്യുന്നത്. 1979 മുതൽ ആണ് അദ്ദേഹം പ്രവാസിയാകുന്നത്. അവസാനമായി നാട്ടിൽ പോയത് 2007ൽ ആണ്. ആ വർഷം വന്നു പോയി പിന്നീട് ഒരിക്കൽ പോലും ബന്ധുക്കളുമായി അദ്ദേഹം ബന്ധപ്പെട്ടില്ലായിരുന്നു. പലരും ഇദ്ദേഹത്തെ അന്വേഷിച്ച് എത്തി. എന്നാൽ വിവരങ്ങൾ ഒന്നും കിട്ടിയില്ല.
2019 ൽ കുടുംബം ഇന്ത്യ എംബസിയിൽ ബന്ധപ്പെട്ടു പരാതി നൽകി. തുടർന്ന് വലിയൊരു അന്വേഷണം നടത്തിയെങ്കലും ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് വേണുഗോപാല പിള്ളയുടെ ബന്ധുവും റിയാദിലെ സാമൂഹിക പ്രവർത്തകയുമായ ചന്ദനവല്ലി ജോസ് നടത്തിയ അന്വേഷണത്തിലാണ് റിയാദിലെ ഖാദിസിയ മസ്റയിൽ ജോലി ചെയ്യുന്നുണ്ടെന്ന് വിവരം ലഭിക്കുന്നത്. തുടർന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ടങ്കിലും നിങ്ങൾ അന്വേഷിക്കുന്ന വ്യക്തി താൻ അല്ലെന്ന് അദ്ദേഹം പറഞ്ഞു. വേണുഗോപാല പിള്ള ഒഴിഞ്ഞ് മാറിയതോടെ പിന്നീട് തെരച്ചിൽ ബന്ധുക്കൾ അവസാനിപ്പിച്ചു. വർഷങ്ങൾ കടന്നു പോയി. അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ വന്നു തുടങ്ങി. ഉദരസംബന്ധമായ അസുഖം പിടിപ്പെട്ടു.
ഒടുവിൽ കഴിഞ്ഞ ഡിസംബറിൽ ഇദ്ദേഹത്തിന്റെ സ്പോൺസർ ബന്ധുവായ വല്ലിജോസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ആശുപത്രിയിൽ എത്തിച്ചു. ഇവിടെ എത്തി ഒരു സർജറി നടത്തി. ശേഷം നാട്ടിലേക്ക് കയറ്റി വീടാൻ ആണ് പദ്ധതി ഇട്ടിരുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ കെെവശം കാവാവധി തീർന്ന പാസ്പോർട്ട്, ഇഖാമ, വിസ എന്നിവ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതോടെ നാട്ടിലേക്ക് പോകാനുള്ള ശ്രമം അവസാനിച്ചു.
ഇന്ത്യൻ എംബസിയിലെ കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ എം ആർ .സജീവൻ വിഷയത്തിൽ ഇടപെടലുകൾ നടത്തി, ഇദ്ദേഹത്തെ നാട്ടിലേക്ക് പറഞ്ഞു വിടാനുള്ള പേപ്പറുകൾ ശരിയാക്കി. നാട്ടിൽ ചികിത്സ തുടങ്ങാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി. അതിന്റെ ഇടയിൽ വീണ്ടും രോഗം കൂടി. മൂന്നു ശസ്ത്രക്രിയകൾ ആണ് പിന്നീട് നടത്തിയത്. പത്തു ലക്ഷത്തോളം റിയാൽ ചികിത്സക്കായി ഈ സമയങ്ങളിൽ വേണ്ടി വന്നത്. എന്നാൽ ഇത്രയെല്ലാം ചെയ്തിട്ടും അദ്ദേഹത്തെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചില്ല. ചൊവ്വാഴ്ച്ച പുലർച്ചെ ഒന്നോടെ അദ്ദേഹത്തിന്റെ മരണം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രങ്ങൾ നടത്തുകയാണ്. അജിത പിള്ളയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. രണ്ട് മക്കൾ ആണ് ഉള്ളത്. ബിനു പിള്ള, ജിഷ്ണുപിള്ള.