സൗജന്യ പാർക്കിങ്ങോട് കൂടി സൗദിയിൽ പുതിയ പാർക്കിംഗ് സിസ്റ്റം

സൗദിയില്‍ വാഹന പാര്‍ക്കിംഗ് ഏകീകരിക്കുന്നു; ആദ്യ 20 മിനുട്ടില്‍ സൗജന്യ പാര്‍ക്കിംഗ്

സൗദിയില്‍ വാഹന പാര്‍ക്കിംഗ് ഫീസുകള്‍ ഏകീകരിക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി റിപ്പോര്‍ട്ട്. സൗദി മുനിസിപ്പല്‍ ഗ്രാമവികസന മന്ത്രാലയം ഇതിനായുള്ള കരട് നിയമം തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മണിക്കൂറിന് മൂന്ന് റിയാലായി പാര്‍ക്കിംഗ് ഫീസ് നിശ്ചയിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും ഏകീകൃത സ്വഭാവമിവ്വ. അതേപോലെ പാര്‍ക്കിംഗ് കോംപ്ലക്സുകളിലും വ്യത്യസ്ത രീതിയില്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. പലയിടത്തും പല നിരക്കാണ് നിലവിലുള്ളത്. ചിലയിടത്ത് വാറ്റ് നിരക്ക് കൂടാതെ മൂന്ന് റിയാലാണ് ഈടാക്കുന്നത്. അഞ്ച് റിയാല്‍ വരെ മണിക്കൂറിന് ചാര്‍ജ് ഈടാക്കുന്ന സ്വകാര്യ പാര്‍ക്കിംഗ്് കേന്ദ്രങ്ങളുമുണ്ട്. ഇവയെല്ലാം ഏകീകരിച്ച് രാജ്യത്തൊട്ടാകെ പൊതു കേന്ദ്രങ്ങളിലും സ്വകാര്യ പാര്‍ക്കിംഗ് സൗകര്യങ്ങളിലും ഒരൊറ്റ നിരക്കിലേക്ക് മാറ്റാനാണ് നീക്കം.

അതേപോലെ എവിടെയാണെങ്കിലും ആദ്യ 20 മിനിറ്റ് പാര്‍ക്കിംഗ് സൗജന്യമായിരിക്കണമെന്നും കരട് നിയമത്തില്‍ പറയുന്നു. വാഹന പാര്‍ക്കിംഗ് കേന്ദ്രങ്ങളിലെല്ലാം ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സ്ഥലം നീക്കിവെക്കണമെന്നും നിര്‍ദേശമുണ്ട്. രാജ്യത്തെ സ്വകാര്യ പാര്‍ക്കിംഗ് കോംപ്ലക്‌സ് ഉമടകളുമായി മന്ത്രാലയം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുതായി രാജ്യത്ത് പാര്‍ക്കിംഗ് മേഖലകള്‍ സ്ഥാപിക്കുന്നതിനുള്ള ചട്ടങ്ങളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും.


Previous Post Next Post