സൗദിയിൽ വെച്ച് കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ച മലയാളിക്ക് മോചനം. മലപ്പുറം ഓതായി സ്വദേശി സമീർ പെരിഞ്ചേരിയാണ് ശിക്ഷയിൽ നിന്നും മോചിതനായത്. ഇൻഡോനേഷ്യൻ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യഭിചാരക്കുറ്റം ചുമത്തിയാണ് സമീറിനെ റിയാദ് ക്രിമിനൽ കോടതിയാണ് വധശിക്ഷക്ക് വിധിച്ചത്. മരണം വരെ കല്ലെറിഞ്ഞു കൊല്ലാൻ ആണ് വിധിച്ചത്. വിധിയിൽ സമീർ അപ്പീൽ പേയെങ്കിലും മേൽക്കോടതി ശിക്ഷ ശരിവച്ചു.
സമീറിന്റെ കേസിന്റെ തുടർനടപടികൾക്കായി ഇന്ത്യൻ എംബസി വക്കീൽ സുനീർ മണ്ണാർക്കാടിനെ ആണ് നിയമിച്ചത്. വിധി വന്ന ശേഷം ശിക്ഷ റദ്ദാക്കുന്നതിനായുള്ള നിക്കത്തിനായി സുനീർ മണ്ണാർക്കാട് ശ്രമിച്ചു കൊണ്ടിരുന്നു. കേസിനെതിരെ അപ്പീൽ പോയി, കേസ് വീണ്ടും റീ ഓപ്പൺ ചെയ്തു. ദൃക്സാക്ഷികളോ തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലാതിരുന്ന കേസ് മറ്റൊരു സെക്ഷനിലേക്ക് മാറ്റി വെച്ചു.
പിന്നീട് കേസ് വീണ്ടും പരിഗണിച്ചു. മൊഴികളോ, തെളിവുകളോ നൽകി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതോടെ മരണം വരെ കല്ലെറിഞ്ഞു കൊല്ലാനുള്ള വിധി നിർത്തിവയ്ക്കാൻ കോടതി ഉത്തരിവിട്ടു. വധശിക്ഷ റദ്ദാക്കി സമീർ പെരിഞ്ചേരിക്ക് അർഹിക്കുന്ന ശിക്ഷ മാത്രം നൽകാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സുനീർ മണ്ണാർക്കാടിന്റെ ഇടപെടൽ കൊണ്ടുമാത്രം ആണ് സമീർ പെരിഞ്ചേരിയെ ശിക്ഷയിൽ നിന്നും രക്ഷിക്കാൻ സാധിച്ചത്.
ഇന്ത്യക്കാർക്ക് നാണക്കേടായി മാറാവുന്ന വിധിയായിരുന്നു ഉണ്ടായിരുന്നത്. തന്റെ പരിശ്രമത്തിലൂടെ ഒരു കുടുംബത്തിൻറെ കണ്ണീർ മാറ്റാനും വിധി മാറ്റി എഴുതാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും, ഇതിൽ താൻ ദെെവത്തിനോട് നന്ദി പറയുന്നു എന്ന് സുനീർ മണ്ണാർക്കാട് പറഞ്ഞു. ഇനിയും ഇത്തരത്തിൽ നിസ്സഹാവസ്ഥയിൽ കഴിയുന്നവരുടെ രക്ഷയ്ക്ക് വേണ്ടി പരിശ്രമം തുടരും എന്ന് അദ്ദേഹം പറഞ്ഞു.
റിയാദിലെ മറ്റൊരു സാമൂഹിക പ്രവർത്തകനായ അൻഷാദ് കരുനാഗപ്പള്ളി സമീറുമായി ഫോണിൽ ബന്ധപ്പെടുകയും കേസ് സംബന്ധിക്കുന്ന ശരിയായ വിവരങ്ങൾ സുനീറിന് നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തിരുന്നു.
കെഎംസിസി റിയാദ് ഓമശ്ശേരി പഞ്ചായത്തിലെ നിലവിലെ വൈസ് പ്രസിഡന്റും, 2023 കൊടുവള്ളി മണ്ഡലം പ്രവർത്തകസമിതി അംഗവുമായ സാലിഹ് ഓമശ്ശേരിയും, കെഎംസിസി റായാദ് കൊടുവള്ളി മണ്ഡലം ചെയർമാൻ സുഹൈൽ ഓമശ്ശേരിയും സമീറിന്റെ വിധിക്കെതിരെയുള്ള പോരാട്ടത്തിൽ സുനീർ മണ്ണാർക്കാടിനൊപ്പം ഉണ്ടായിരുന്നു. അഡ്വ. സൽമാൻ അമ്പലക്കണ്ടി, യൂനിസ് അമ്പലക്കണ്ടി എന്നിവർ നാട്ടിൽ നിന്ന് ചെയ്യേണ്ട സഹായങ്ങൾക്കായി സുനീർ മണ്ണാർക്കാടിനൊപ്പം ഉണ്ടായിരുന്നു. ഇന്ത്യൻ എംബസിയും ഈ കേസിൽ നിർണായക പങ്കുവഹിച്ചിരുന്നു.