നാട്ടിൽ ബിസിനസ് തുടങ്ങാൻ ദുബായിൽ ഭിക്ഷാടനം; ദമ്പതികൾ അറസ്റ്റിൽ
നാട്ടിൽ ബിസിനസ് തുടങ്ങാൻ പണം സ്വരൂപിക്കാൻ വേണ്ടി സന്ദർശക വിസയിൽ ദുബായിലേക്ക് എത്തി. ഇവിടെ എത്തിയ ദമ്പതികൾ പണം കണ്ടെത്താനുള്ള ഏറ്റവും വലിയ മാർഗം ഭിക്ഷാടനമാണെന്ന് മനസിലാക്കി. പിന്നീട് ഒന്നും ചിന്തിച്ചില്ല. ദുബായ് നിരത്തുകളിൽ അവർ ഭിക്ഷാടനത്തിന് ഇറങ്ങി.
നൈഫ് മേഖലയിൽ മെട്രോ ട്രെയിനുകളിൽ പതിവായി ഭിക്ഷാടനം നടത്താൻ തുടങ്ങി. എന്നാൽ ഇവരുടെ ബിസിനസ് അധികനാൾ ഇവിടെ വിലപോയില്ല. സംഭവം ദുബായ് പോലീസ് അറിഞ്ഞു. ദമ്പതികളെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. മെട്രോ ട്രെയിനുകളിൽ സ്ഥിരമായി ഭിക്ഷാടനം നടത്തുന്ന സ്ത്രീയെയും പുരുഷനെയും സംബന്ധിച്ചു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് ഇവർക്കായി തെരച്ചിൽ നടത്തിയതും ഇവരെ അറസ്റ്റ് ചെയ്യുന്നതും.
പോലീസ് ഇവരെ അറസ്റ്റ് ചെയ്തപ്പോൾ പുരുഷന്റെ കയ്യിൽ 191 ദിർഹം ഉണ്ടായിരുന്നു. സ്ത്രീയുടെ കെെവശം 161 ദിർഹവും ഉണ്ടായിരുന്നു. ഇത് ഇവർക്ക് ഭിക്ഷ ലഭിച്ചതാണെന്ന് ഇവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജീവിക്കാനും സ്വന്തം രാജ്യത്ത് ഒരു ബിസിനസ് തുടങ്ങാനും വേണ്ടിയാണ് ഇവർ ദുബായിൽ എത്തി ഭിക്ഷയെടുത്തതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കി ശിക്ഷക്ക് ശേഷം ഇവരെ നാടുകടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒറു മാസത്തെ തടവു ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇതിന് ശേഷം ആയിരിക്കും ഇവരെ നാടുകടത്തുന്നത്. മറ്റൊരാളുടെ സഹായത്തോടെയാണ് ഇവർ വിസിറ്റ് വിസയിൽ ദുബായിൽ എത്തിയത്.