കുവൈറ്റില്‍ സംയോജിത ബയോമെട്രിക് സംവിധാനം വരുന്നു; ആദ്യഘട്ടം അടുത്ത മാസം മുതല്‍ നടപ്പിലാവും
കുവൈറ്റില്‍ ബയോമെട്രിക് ഫീച്ചറുകള്‍ക്കായി ഒരു സംയോജിത കേന്ദ്ര സംവിധാനം വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിയുടെ അവസാന ഘട്ടങ്ങളുടെ നടത്തിപ്പ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹ് വിലയിരുത്തി. എല്ലാ വ്യക്തികളുടെയും വിരലടയാളം, മുഖചിത്രം, കൃഷ്ണമണി, ഇലക്ട്രോണിക് സിഗ്‌നേച്ചര്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ടം മാര്‍ച്ചില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് അല്‍ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കുമുള്ള എന്‍ട്രി, എക്‌സിറ്റ് നടപടിക്രമങ്ങളുടെ സമഗ്രമായ നവീകരണം സാധ്യമാകുന്ന രീതിയില്‍ രാജ്യത്തെ തുറമുഖങ്ങളിലെയും എയര്‍പോര്‍ട്ടുകളിലെയും സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിനുള്ള രണ്ടാം ഘട്ട പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശവും ശെയ്ഖ് തലാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. വ്യാജ വിസകളും മനുഷ്യക്കടത്തും തടയുന്നതിനും രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ബയോമെട്രിക് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിനു മുമ്പ് പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ നിരോഗധിത പട്ടികകളുമായി ഒത്തുനോക്കല്‍ സാധ്യമാക്കാന്‍ ഇതിലൂടെ കഴിയും.
അതേപോലെ, വിവിധ കാരണങ്ങളാല്‍ കുവൈറ്റില്‍ വച്ച് പിടിക്കപ്പെട്ട് പ്രവേശന വിലക്കോടെ നാടുകടത്തപ്പെട്ടവര്‍ വ്യാജ പാസ്‌പോര്‍ട്ടുകളില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നത് തടയാനും ബയോമെട്രിക് സംവിധാനം സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. മോഷ്ടിക്കപ്പെട്ട വാഹനങ്ങളുമായി രാജ്യത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നതും ഇവിടെ നിന്ന് പുറത്തുകടക്കുന്നതും തടയാനും പുതിയ സംയോജിത സംവിധാനത്തിലൂടെ സാധിക്കും. ഇതിന് അതിര്‍ത്തികളിലെ വാഹന പരിശോധനയക്ക് ആധുനിക സംവിധാനം നടപ്പിലാക്കും.
വിവിധ നിയമ ലംഘനങ്ങള്‍ക്ക് പിടികൂടപ്പെട്ട് കുവൈറ്റില്‍ നിന്ന് പ്രവേശന വിലക്കോടെ നാടുകടത്തലിന് വിധേയരായവര്‍ വീണ്ടും രാജ്യത്തേക്ക് തിരികെ എത്തുന്നത് തടയാന്‍ അധികൃതര്‍ നടപ്പിലാക്കിയ ഡീപോര്‍ട്ടീസ് ഡിറ്റക്ടര്‍ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാനായിതായി ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ കുവൈറ്റില്‍ നിന്ന് നാടുകടത്തപ്പെട്ട 530 പേരുടെ രാജ്യത്തേക്ക് തിരികെയെത്താനുള്ള ശ്രമം അധികൃതര്‍ തകര്‍ത്തിരുന്നു. വ്യാജ യാത്രാരേഖകള്‍ ചമച്ച് വീണ്ടും രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചവരെയാണ് ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ വിമാനത്താവളത്തില്‍ പിടികൂടിയത്.
വിരലടയാളത്തിലൂടെ വ്യാജന്മാരെ തിരിച്ചറിയുന്ന സംവിധാനമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സഹായകമായത്. നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടു കടത്തപ്പെടുന്നവരുടെ വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതിലൂടെയാണ് ഇത് സാധ്യമായത്. ഇവര്‍ വ്യാജ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളില്‍ തിരികെ എത്തുമ്പോള്‍ ബയോ മെട്രിക് വിവരങ്ങള്‍ വഴി എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നതായും അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ 530 പേരില്‍ 120 സ്ത്രീകളും ഉള്‍പ്പെടുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ച് വീണ്ടും രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചവരില്‍ ഭൂരിഭാഗവും ഏഷ്യക്കാരാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇവരെ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചതായും അധികൃതര്‍ അറിയിച്ചു.
കുവൈറ്റിലെ ഡിപോര്‍ട്ടീസ് ഡിറ്റക്ടര്‍ സംവിധാനത്തെ മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നതായും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കുവൈറ്റിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സിനു കീഴിലുള്ള 'ഐഡന്റിറ്റി ഇന്‍വെസ്റ്റിഗേഷന്‍' വിഭാഗം ഗള്‍ഫ് ക്രിമിനല്‍ എവിഡന്‍സ് ടീമുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
ഈ സംവിധാനം നിലവില്‍ വരുന്നതോടെ കുവൈറ്റില്‍ നിന്ന് പ്രവേശന വിലക്കോടെ നാടുകടത്തപ്പെടുന്ന വിദേശികളുടെ ബയോമെട്രിക് വിവരങ്ങള്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി പങ്കുവയ്ക്കാനും അവര്‍ മറ്റ് ജിസിസി രാജ്യങ്ങളില്‍ പ്രവേശിക്കുന്നത് തടയാനും സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എല്ലാ തരം കുറ്റകൃത്യങ്ങളെയും തട്ടിപ്പുകളെയും നേരിടാനുള്ള മന്ത്രാലയത്തിലെ ജീവനക്കാരുടെ ശ്രമങ്ങളെയും അതിന്റെ ഭാഗമായി എല്ലാ മേഖലകളിലെയും നടപ്പിലാക്കിവരുന്ന തുടര്‍ച്ചയായ വികസന, നവീകരണ പദ്ധതികളെയും അല്‍ ഖാലിദ് പ്രശംസിച്ചു.