ഈ വെബ്സൈറ്റിലൂടെ ലോകത്തിന്റെ പല കോണുകളിലേക്ക് നിങ്ങൾക്ക് ജാലകങ്ങൾ തുറക്കാം
നോർവേയിലെ പ്രശാന്തസുന്ദരമായ തടാകങ്ങളുടെ തീരത്തുള്ള ബംഗ്ലാവിലെയും സ്വിറ്റ്സർലൻഡിലെ വിസ്തൃതമായ പുൽമേടുകളോട് ചേർന്നു കിടക്കുന്ന കോട്ടേഴ്സിലെയും അമേരിക്കയിലെ മിയാമി ബീച്ചിലെ ഒരു ക്യാബിനിലെയുമൊക്കെ ജനാലകളിലൂടെയുള്ള കാഴ്ചകൾ എങ്ങനെയായിരിക്കും? നാം ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ലോകങ്ങളിലേക്ക് വാതായനങ്ങൾ തുറക്കുകയാണ് വിൻഡോസ്വാപ്പ് (windowswap) എന്ന വെബ്സൈറ്റ്.
ഇന്ത്യൻ ദമ്പതികളായ സോണാലി രഞ്ജിത്തും വൈഷ്ണവ് ബാലസുബ്രഹ്മണ്യവും ചേർന്ന് ക്വാറന്റൈൻ ദിനങ്ങളിൽ നിർമ്മിച്ച പ്രോജക്റ്റാണ് വിൻഡോസ്വാപ്പ് എന്ന ഈ ഒരു സൈറ്റ്.താമസസ്ഥലങ്ങളിൽ തളച്ചിടപ്പെട്ട ആ ദിനങ്ങളിൽ പുറംലോകത്തെ ജനാലയിലൂടെ മാത്രം വീക്ഷിക്കേണ്ടി വന്ന അവരുടെ അനുഭവമായിരുന്നു വിൻഡോസ്വാപ്പിന്റെ ജനനത്തിലേക്ക് വഴിതെളിച്ചത്.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ചിത്രീകരിച്ച പത്തു മിനുട്ട് ദൈർഘ്യമുള്ള ജാലകക്കാഴ്ചകൾ കാണുവാനും ജാലകത്തിനു പുറത്തുള്ള ചുറ്റുപാടുകളുടെ ശബ്ദങ്ങൾ ശ്രവിക്കുവാനും ഈ വെബ്സൈറ്റിലൂടെ കഴിയുന്നു.മാനസിക പിരിമുറുക്കങ്ങളെയും മറ്റ് അലോസരങ്ങളെയും അകറ്റുവാൻ കുറച്ചുനേരം ഈ വെബ്സൈറ്റിൽ ചിലവഴിച്ചാൽ മതിയാകും.
നിങ്ങളുടെ ജാലകത്തിനു പുറത്തുള്ള കാഴ്ചകളുടെ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്ത് പങ്കുവയ്ക്കാനും ഈ സൈറ്റിൽ സൗകര്യമുണ്ട്.
ആർക്കും വിൻഡോസ്വാപ്പ് ആക്‌സസ് ചെയ്യാം,
ആപ്പ് ഡൗൺലോഡുകളോ സബ്‌സ്‌ക്രിപ്‌ഷനുകളോ ഇതിന് ആവശ്യമില്ല, താഴെ തന്നിരിക്കുന്ന ലിങ്കിലൂടെ വെബ്സൈറ്റ് തുറന്നാൽ മാത്രം മതി. കൂടാതെ സ്‌ക്രീനിന്റെ ചുവടെയുള്ള "open a window somewhere" എന്ന ഐക്കൺ ക്ലിക്കുചെയ്യുമ്പോഴെല്ലാം ക്രമരഹിതമായി പുതുക്കപ്പെടുന്ന ഒരു പുതിയ ജാലകക്കാഴ്ച്ച കൂടി നിങ്ങളുടെ മുന്നിലെത്തുന്നു.
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.