എയർപോർട്ടിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
സാധാരണ ഒരു വ്യക്തി സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ജാഗ്രതയും സുരക്ഷിതത്വവും ഏറ്റവും കൂടിയ സ്ഥലമാണ് എയർപോർട്ട്. നിങ്ങളുടെ പ്രവർത്തികളും വാക്കുകളും വരെ അവിടെ കർശന നിരീക്ഷണത്തിന് കീഴിലാണ്. എയർപോർട്ടുകളിൽ അവരുടേതായ ക്രമസമാധാന പാലകരും നിയമ സംവിധാനങ്ങളും നിലവിലുണ്ട്. അവർ നിഷ്കർഷിക്കുന്നതാണ് അവിടെ അവസാനവാക്ക്.എയർപോർട്ടിൽ പോകുമ്പോൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. നിങ്ങൾ പായ്ക്ക് ചെയ്തതല്ലാത്ത ഏതെങ്കിലും ഗിഫ്റ്റ് ബോക്സുകളോ പെട്ടികളോ ഒന്നും കൂടെ കൊണ്ടുപോകാൻ പാടില്ല. യാത്രക്കാരന്റെ മുന്നിൽവച്ച് പായ്ക്ക് ചെയ്ത സാധനങ്ങൾ അല്ലാതെ എയർപോർട്ടിൽ വച്ച് കാണുന്ന മറ്റേതെങ്കിലും വ്യക്തികൾ തരുന്ന സാധനങ്ങളോ മറ്റൊരാൾക്കുവേണ്ടി കൊണ്ടുപോവാൻ തന്ന ഗിഫ്റ്റ് ബോക്സുകളോ ഒന്നും തന്നെ സ്വീകരിക്കുവാൻ പാടില്ല. അവയുടെ ഉള്ളടക്കം നമുക്ക് അജ്ഞാതമായിരിക്കും. നിരോധിത വസ്തുക്കൾ ഇങ്ങനെ ചെക്കിങ് കടത്തുവാൻ ശ്രമിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. നിങ്ങളുടേതല്ലാത്തതായ ബാഗുകൾ ഒരു കാരണവശാലും സ്വീകരിക്കാതിരിക്കുക.അധിക ബാഗുകൾ അനുവദനീയമല്ല. ഒരിക്കലും ആ റിസ്ക് ഏറ്റെടുക്കരുത്.
2. നിങ്ങളുടെ ഹാൻഡ് ബാഗ് , ചെക്ക് ഇൻ ബാഗ് ഒന്നും ഒരിക്കലും കണ്മുന്നിൽ നിന്നും മാറ്റി വയ്ക്കരുത്. കാരണം ആ ബാഗിൽ ആരെങ്കിലും എന്തെങ്കിലും കൊണ്ടു വന്നിട്ടാലോ ബാഗു തന്നെ നഷ്ടമായാലോ നിങ്ങൾ അറിയില്ല. അതുപോലെ നിങ്ങളുടെ ബാഗ് മറ്റൊരാളെ ഏൽപ്പിച്ച് പോവരുത്.
3. ഫ്ലൈറ്റ് ഡിലെ ആവുകയാണെങ്കിലോ നിങ്ങൾ ഉദ്ദേശിച്ച സീറ്റ് കിട്ടിയില്ലെങ്കിലോ എയർപോർട്ടിലെ സ്റ്റാഫുമായി വഴക്കിന് നിൽക്കരുത്. ഈ അവസരങ്ങളിൽ പൂർണമായ അധികാരം അവർക്കാണ്. ന്യായം നിങ്ങളുടെ ഭാഗത്ത് ആണെങ്കിൽക്കൂടി നിങ്ങളുടെ പെരുമാറ്റം സമചിത്തതയോടു കൂടിയതല്ലെങ്കിൽ പരിണിതഫലങ്ങൾ അനുഭവിക്കേണ്ടതായി വരും.
4. അതുപോലെ ബോംബ്,ഹൈജാക്ക് എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കാതിരിക്കുക.2001 സെപ്റ്റംബർ ഒൻപതിന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന വിമാനാക്രമണത്തിനുശേഷം ഇങ്ങനെയുള്ള പ്രയോഗങ്ങളുടെ ചെറുസൂചനകൾ പോലും ലോകത്തെമ്പാടുമുള്ള വിമാനത്താവളങ്ങൾ അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. തമാശയായിപ്പോലും ഇങ്ങനെയുള്ള പരാമർശങ്ങൾ നടത്താതിരിക്കുക.
5. യാത്രയ്ക്ക് കുട്ടികൾ കൂടെയുണ്ടെങ്കിൽ കളിത്തോക്കുകൾ പോലെയുള്ള കളിപ്പാട്ടങ്ങൾ ഉപയോഗിക്കുന്നില്ല എന്നും കൊണ്ടുവന്നിട്ടില്ല എന്നും ഉറപ്പുവരുത്തുക.
6. എയർപോർട്ടിൽ കാണുന്ന കാവൽനായയെ തൊടാനോ ചേഷ്ടകൾ കാണിക്കുവാനോ കമാൻഡുകൾ നൽകുവാനോ ശ്രമിക്കരുത്. കുട്ടികൾ കൂടെയുണ്ടെങ്കിൽ അവരെയും അത് പറഞ്ഞ് മനസ്സിലാക്കുക.
7. നിങ്ങളുടെ മൊബൈൽ ഫോൺ ആവശ്യപ്പെട്ട് ആരെങ്കിലും വന്നാൽ നൽകുന്നതിനുമുമ്പ് ഒരു വട്ടം ആലോചിക്കുക. ഫോൺ കൊടുക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർക്ക് വിളിക്കാനുള്ള നമ്പർ നിങ്ങൾ തന്നെ ഡയൽ ചെയ്യുക. വിളിച്ച ആളുടെ പ്രതികരണം കിട്ടിയാൽ മാത്രം അയാൾക്ക് ഫോൺ കൈമാറുക,കൂടാതെ ഫോൺ ചെയ്യുന്ന സമയത്ത് അവർ നിങ്ങളുടെ കണ്മുൻപിൽത്തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തുക. അവരുടെ സംസാരം കേൾക്കാൻ പാകത്തിന് അടുത്തുതന്നെ നിലയുറപ്പിക്കുക.
8. എയർപോർട്ടിൽ ലഭ്യമാകുന്ന വൈഫൈ, പബ്ലിക് കണക്ഷനാണ്.ബാങ്ക് ട്രാൻസാക്ഷൻ പോലെയുള്ള പണമിടപാടുകൾ ഒരിക്കലും ഈ വൈഫൈ കണക്ഷനിൽ ചെയ്യാതിരിക്കുക. അതിനായി സ്വന്തം മൊബൈൽ ഡാറ്റ തന്നെ ഉപയോഗിക്കുക. പബ്ലിക് വൈഫൈ നെറ്റ് വർക്കുകൾ ഉപയോഗിച്ച് നിങ്ങൾ നൽകിയ വിവരങ്ങൾ സമർഥനായ ഒരു ഹാക്കർക്ക് ചോർത്തിയെടുക്കുവാനാകും. മൊബൈൽ നെറ്റ്വർക്ക് ലഭിക്കാത്ത ഒരു അവസരത്തിൽ എയർപോർട്ടിൽ വച്ച് അത്യാവശ്യമായി ഒരു പണമിടപാട് നടത്തേണ്ടതുണ്ടെങ്കിൽ VPN സംവിധാനം ഉപയോഗിക്കുക.
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.