Ads Area

റഷ്യയുടെ ഉക്രൈൻ അധിനിവേശം: നാൾവഴികളും ചാലകശക്തികളും

ലോകത്തിനെയാകെ മൂന്നാംലോക മഹായുദ്ധത്തിന്റെ മുനമ്പിൽ നിർത്തിക്കൊണ്ട് റഷ്യ അയൽരാജ്യമായ ഉക്രൈനെ ആക്രമിച്ചിരിക്കുകയാണ്. 

1991ൽ സോവിയറ്റ് യൂണിയൻ വിഘടിച്ചതുമുതൽ ഉടലെടുത്തു വന്ന അസ്വാരസ്യങ്ങളാണ് ഇന്നത്തെ റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ എത്തിനിൽക്കുന്നത്.റഷ്യ-ഉക്രൈൻ സംഘർഷം ലോകശ്രദ്ധയിലേക്ക് വന്നിട്ടും അത് യുദ്ധത്തിനുള്ള കാരണങ്ങളായി പരിക്രമിച്ചിട്ടും അധികകാലമായിട്ടില്ല.കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ ലോകസമാധാനത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി  മാറിയ ഈ പ്രതിസന്ധിയുടെ രാഷ്ട്രീയ ചാലകശക്തികളും ചരിത്ര നാൾവഴികളും പരിശോധിക്കുകയാണ് ഇവിടെ.

1991ൽ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന വേളയിൽ ആണവായുധശേഖരത്തിൽ ലോകരാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തായിരുന്നു  ഉക്രൈൻ. റഷ്യയും അമേരിക്കയും ഉക്രൈന്റെ ആണവനിരായുധീകരണത്തിന് സംയോജിതമായി പ്രവർത്തിച്ചു. ഒടുവിൽ റഷ്യയുടെ സാമ്പത്തിക സഹായ, സുരക്ഷാ വാഗ്ദാനങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഉടമ്പടിയിൽ ഉക്രൈൻ ഒപ്പു വയ്ക്കുകയും 1994 ഓടെ രാജ്യത്തുണ്ടായിരുന്ന രണ്ടായിരത്തോളം ആണവായുധങ്ങൾ റഷ്യയ്‌ക്ക് തന്നെ കൈമാറുകയും ചെയ്തു. ഈ ഉടമ്പടി തന്നെയാണ് ഇപ്പോൾ റഷ്യ ലംഘിച്ചിരിക്കുന്നത്.

സോവിയറ്റ് യൂണിയന്റെ പതനവും അമേരിക്കയുടെ ശക്തിപ്രാപിക്കലും ശീതയുദ്ധാനന്തരകാലത്ത് ഉക്രൈന്റെ ജനാധിപത്യ രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങളുണ്ടാക്കി.2004ൽ പിൽക്കാലത്ത് ഓറഞ്ച് വിപ്ലവം എന്നറിയപ്പെട്ട തെരഞ്ഞെടുപ്പ് നിർണയത്തിൽ ക്രമക്കേടുകൾ ആരോപിച്ചുകൊണ്ടുനടന്ന പ്രക്ഷോഭങ്ങൾ അമേരിക്കൻ അനുകൂലിയായ മുൻ പ്രധാനമന്ത്രി വിക്ടർ യുഷ്‌ചെങ്കോവിനെ വീണ്ടും അധികാരത്തിൽ കൊണ്ടു വന്നു. യുഷ്‌ചെങ്കോ അധികാരത്തിലേറിയതു തന്നെ തങ്ങളുടെ പഴയ രക്ഷിതാവായ ക്രെംലിന്റെ സ്വാധീനം അവസാനിപ്പിച്ചുകൊണ്ട് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോയിലും യൂറോപ്യൻ യൂണിയനിലും ഉക്രൈനെ ഭാഗഭാക്കാകുമെന്ന പ്രഖ്യാപനവുമായാണ്.ഭാവിയിൽ ഉക്രൈനെ സഖ്യത്തിന്റെ ഭാഗമാകുമെന്ന വാഗ്ദാനം നാറ്റോ ഉക്രൈന് നൽകുകയും ചെയ്തു. അയൽരാജ്യം ശത്രുസഖ്യത്തിൽ അംഗമാകുവാൻ തുടങ്ങുന്നു എന്ന വാർത്ത സ്വാഭാവികമായും റഷ്യയെ ചൊടിപ്പിച്ചു.

ഓറഞ്ച് വിപ്ലവം

ഉക്രൈനിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായ ജൂലിയ തിമോഷെങ്കോവിനെ പരാജയപ്പെടുത്തി 2010ൽ അധികാരത്തിൽവന്ന വിക്‌ടർ യാനുകോവിച്ചിന് എന്നാൽ റഷ്യയോടായിരുന്നു ചായ്‌വ്.

റഷ്യയുടെ  നാവികവിന്യാസ നടപടികൾ അംഗീകരിച്ചുകൊണ്ട് യാനുകോവിച്ച് രാജ്യത്തേക്കുള്ള പ്രകൃതി വാതക സപ്ലൈ വിലനിർണ്ണയ കരാർ റഷ്യയുമായി ഒപ്പുവച്ചു.തുടർന്ന് യൂറോപ്പ്യൻ യൂണിയനുമായുള്ള  വ്യാപാര ഇടപാടുകൾ തൽക്കാലത്തേക്ക് നിർത്തി വയ്ക്കുവാനും റഷ്യയുമായുള്ള വാണിജ്യബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാനും അദ്ദേഹം തീരുമാനിക്കുന്നു. പൊതുജന താൽപര്യത്തിനു വിപരീതമായിരുന്നു അദ്ദേഹത്തിന്റെ ഈ തീരുമാനം എന്നത് ഈ തീരുമാനത്തിനെതിരെ ഉക്രൈൻ തലസ്ഥാനനഗരിയായ കീവിൽ മാസങ്ങളോളം  തുടർന്ന ബഹുജന പ്രതിഷേധത്തിൽ നിന്നും വ്യക്തമാണ്.

ജൂലിയ തിമോഷെങ്കോ
വിക്‌ടർ യാനുകോവിച്ച്(ഇടത്)വ്ലാദിമിർ പുടിനോടൊപ്പം
ഈ പ്രക്ഷോഭങ്ങൾ  2014ഓടുകൂടി അക്രമാസക്തമാകുകയും ഒട്ടനേകം പ്രക്ഷോഭകർ കൊല്ലപ്പെടുകയും ചെയ്തു. ഇത് ഉക്രൈൻ പാർലമെന്റിൽ പ്രതിഫലിക്കുകയും യാനുകോവിച്ചിനെ പുറത്താക്കുന്ന പ്രമേയം അവർ 73% വോട്ടുകളുടെ പിൻബലത്തിൽ പാസാക്കുകയും ചെയ്തു.തുടർന്ന് 'അന്തസ്സിന്റെ വിപ്ലവം' (revolution of dignity) എന്നറിയപ്പെട്ട ബഹുജന പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും  റഷ്യൻ വംശജർ  കൂടുതലുള്ള ക്രിമിയൻ മേഖലയിലെ പാർലമെന്റ് റഷ്യൻ അനുകൂലികളുടെ പിന്തുണയോടുകൂടി റഷ്യൻ യൂണിഫോം ധരിച്ച, അടയാളങ്ങളും ബാഡ്ജുകളും ഇല്ലാത്ത 'little green men' എന്നറിയപ്പെട്ട റഷ്യൻ പട്ടാളക്കാർ പിടിച്ചടക്കുകയും അവിടെ റഷ്യൻ പതാക ഉയർത്തുകയും ചെയ്തു. 

പിടിച്ചെടുത്ത ക്രിമിയൻ ഉപദ്വീപ് റഷ്യൻ ഫെഡറേഷനിൽ ചേരുന്നതിനായ് കൊണ്ടുവന്ന റഫറണ്ടത്തിന് ക്രിമിയയിൽ വലിയ ബഹുജന പിന്തുണ ലഭിക്കുകയും,ക്രിമിയയെ റഷ്യ തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതായിരുന്നു ക്രിമിയൻ അനക്സേഷൻ(Annexation of Crimea).

Revolution of dignity
ക്രിമിയൻ അനക്സേഷനു ശേഷം 2014 ഏപ്രിലിൽ റഷ്യൻ പിന്തുണയോടുകൂടി കിഴക്കൻ ഉക്രെയിനിലെ ഡോൺബാസിൽ വിഘടനവാദികൾ ഗവൺമെന്റ് സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ തുടങ്ങി. ഇവരുടെ മുന്നേറ്റം പ്രതിരോധിക്കുവാൻ ഉക്രൈൻ സൈന്യം ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ അതിർത്തിയിൽ റഷ്യ വിന്യസിച്ച സൈന്യത്തിന്റെ വലിപ്പവും വർദ്ധിച്ചുവന്നു.അതോടൊപ്പം ഏതു നിമിഷവും റഷ്യ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുമെന്ന ഉക്രൈന്റെ ആശങ്കയും.

ഈ ആശങ്കയാണ് പാശ്ചാത്യ അനുകൂലിയായ പെദ്രോ പോട്ടോഷെങ്കോവിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുവാൻ ഉക്രൈൻ ജനതയെ പ്രേരിപ്പിച്ചത്. ഉക്രൈൻ സ്വന്തമായ കാലം മുതൽക്കേ നേരിടുന്ന പ്രധാന പ്രശ്നമായി അഴിമതി തുടച്ചുനീക്കുമെന്നും യൂറോപ്പ്യൻ മൂല്യങ്ങളോട് ഉക്രൈനെ അടുപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമ പോട്ടോഷെങ്കോവിനെ സഹായിക്കുവാൻ സന്നദ്ധത കാണിച്ചു.

ലോകരാജ്യങ്ങളെ ആകെ ആകാംക്ഷയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തിയ മലേഷ്യൻ എയർലൈൻ വിമാനത്തിന്റെ തിരോധാനത്തിലും റഷ്യക്ക് പങ്കുണ്ടായിരുന്നു. 2014 ജൂലൈ 17ന് കിഴക്കൻ ഉക്രൈനിലെ വ്യോമാതിർത്തിയിൽ വച്ചാണ് വിമാനം മിസൈൽ ആക്രമണത്തിൽ പകരുന്നത്.  വിമാനത്തിലുണ്ടായിരുന്ന 298 യാത്രികർക്കും ജീവൻ നഷ്ടപ്പെട്ടു. വിമാനത്തിൽ പ്രയോഗിച്ച മിസൈൽ റഷ്യൻ നിർമ്മിതമാണെന്ന് കണ്ടെത്തിയിട്ടും റഷ്യ ഉത്തരവാദിത്വം നിഷേധിച്ചു.

 കാണാതായ മലേഷ്യൻ വിമാനം

 മഡഗാസ്കർ ദ്വീപിന് സമീപത്തു നിന്ന് ലഭിച്ച കാണാതായ മലേഷ്യൻ വിമാനത്തിന്റെതെന്ന് സംശയിക്കുന്ന ഭാഗം
2014 സെപ്റ്റംബറിൽ വിഘടനവാദികളുടെ കേന്ദ്രമായ ഡോൺബാസ് ഉക്രൈൻ സേന പിടിച്ചെടുക്കുമെന്ന ഘട്ടം വന്നപ്പോൾ റഷ്യൻ പട്ടാളം ഉക്രൈനിലേക്ക് പ്രവേശിച്ചു.2015 ഫെബ്രുവരി 11ൽ രണ്ടാം മിൻസ് ഉടമ്പടി ഒപ്പുവയ്ക്കുന്നതുവരെ റഷ്യ-ഉക്രൈൻ സംഘട്ടനം തുടർന്നു. അടിയന്തര വെടിനിർത്തലും  മാരകപ്രഹരശേഷിയുള്ള ആയുധങ്ങളുടെ പിൻവലിക്കലുമെല്ലാം  പ്രാബല്യത്തിൽ വന്ന 'സുരക്ഷാ മേഖല'യായി ഇവിടം പ്രഖ്യാപിക്കപ്പെട്ടെങ്കിലും  ഉടമ്പടിയിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു കൊണ്ടിരുന്നു.പ്രത്യേകിച്ച് റഷ്യയുടെ ഭാഗത്തുനിന്ന്.

2017ൽ മുൻ പ്രസിഡന്റ് ഒബാമയുടെ സമീപനത്തിന് വിപരീതമായി  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉക്രൈന് മാരകായുധങ്ങൾ വിൽക്കുന്നതിന് അംഗീകാരം നൽകി.ഉക്രൈന് കോടിക്കണക്കിന് രൂപയുടെ ധനസഹായം നൽകുന്ന ബില്ല് അമേരിക്കൻ കോൺഗ്രസ് അതിനു മുൻപുതന്നെ പാസാക്കിയിരുന്നു.

ഉക്രൈനിലെ സ്ഥിതി ഇത്രത്തോളം വഷളാകുന്നതിന് മതവും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. 2019 ജനുവരിയിൽ ഉക്രൈനിലെ സ്വതന്ത്ര ഓർത്തഡോക്സ് പള്ളിക്ക് ഓർത്തഡോക്സ് സഭ അംഗീകാരം നൽകി. നൂറ്റാണ്ടുകളായി  ഉക്രൈനിലെ ഓർത്തഡോക്സ് സഭ റഷ്യൻ സഭയുടെ അധീനതയിലായിരുന്നു.റഷ്യൻ സഭയ്ക്കാക്കട്ടെ റഷ്യൻ ഭരണകൂടവുമായി ശക്തമായ ബന്ധവും ഉണ്ടായിരുന്നു.ഓർത്തഡോക്സ് വിശ്വാസികൾക്കിടയിൽ റഷ്യയുടെ അധികാരം ദുർബലപ്പെടുത്താനായി അമേരിക്ക നടത്തിയ നീക്കമാണ് ഇതെന്ന് റഷ്യ ആരോപിച്ചു.

2019 ജൂലൈയിൽ ടെലിവിഷൻ നടനും കൊമേഡിയനുമായ വ്ലാദിമിർ സെലൻസ്കി 70%ലധികം വോട്ടുകൾ നേടി പോട്ടോഷെങ്കോവിനെ പരാജയപ്പെടുത്തി. രണ്ടു മാസങ്ങൾക്കു ശേഷം പാർലമെന്റിൽ ഭൂരിപക്ഷം നേടുവാനും അദ്ദേഹത്തിന്റെ പാർട്ടിക്ക് കഴിഞ്ഞു. അഴിമതിക്കും ദാരിദ്ര്യത്തിനും അറുതി വരുത്തുമെന്നും  കിഴക്കൻ ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുമെന്നും വാഗ്ദാനം നൽകിയാണ് സെലൻസ്കി അധികാരത്തിലേറിയത്.

വ്ലാദിമിർ സെലൻസ്കി

അദ്ദേഹം അഭിനയിച്ച ടെലിവിഷൻ സീരീസിലെ ഒരു രംഗം
2020ലെ അമേരിക്കൻ പ്രസിഡന്റ് ഇലക്ഷനിൽ തന്റെ എതിരാളിയായ ജോ ബൈഡനെ അപകീർത്തിപ്പെടുത്താൻ   വ്ലാദിമിർ സെലൻസ്കിയെ കരുവാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിച്ചിരുന്നുവെന്ന വാർത്ത പുറത്തുവന്നതോടുകൂടി ശീത യുദ്ധകാലത്തിനു സമാനമായ നിലപാടുകളാണ് അമേരിക്കയും ഉക്രൈൻ വിഷയത്തിൽ എടുത്തിട്ടുള്ളതെന്ന് വ്യക്തമായിരുന്നു.

പിന്നീട് ഉക്രൈനെ നാറ്റോയുടെ ഭാഗമാകണമെന്ന് ട്രംപിനെ പരാജയപ്പെടുത്തി അധികാരത്തിൽ വന്ന ജോ ബൈഡനോട്‌ സെലൻസ്കി അഭ്യർത്ഥിക്കുകയും അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

തുടർന്ന് ഉക്രൈനിലെ പ്രതിപക്ഷ പാർട്ടിയുടെ തലവനും പ്രമുഖ വ്യവസായിയുമായ വിക്ടർ മെദ്‌വെഡ്‌ചുക്കിനും മറ്റ് പ്രമുഖ റഷ്യൻ അനുകൂലികൾക്കുമേലും സെലൻസ്കി ഗവൺമെന്റ് ഉപരോധം ഏർപ്പെടുത്തി.മെദ്‌വെഡ്‌ചുക്ക് നിയന്ത്രിക്കുന്ന മൂന്ന് റഷ്യൻ അനുകൂല ചാനലുകൾ അടച്ചുപൂട്ടുകയും അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെല്ലാം മരവിപ്പിക്കുകയും ചെയ്തു.

ക്രെമിയയിലും ഉക്രൈൻ അതിർത്തിയിലും ടാങ്കുകളും റോക്കറ്റ് ലോഞ്ചറുകളും മറ്റ് മാരകായുധങ്ങളുമായി  റഷ്യൻ പട്ടാളം 2021 ഏപ്രിലോടുകൂടി തമ്പടിച്ചു. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ "റഷ്യക്കാരും ഉക്രൈനികളും തമ്മിലുള്ള ചരിത്രപരമായ ഒരുമ" എന്ന പേരിൽ ഒരു ഉപന്യാസം പ്രസിദ്ധീകരിക്കുകയും അതിൽ ഈ രണ്ടു രാജ്യത്തുള്ളവരും ഒരു ജനതയാണ് എന്ന് പ്രഖ്യാപിക്കുകയും ഉക്രൈൻ അതിർത്തിയെ ചോദ്യം ചെയ്യുകയും ചെയ്തു.

വ്ലാദിമിർ പുടിൻ

2021-2022 കാലഘട്ടത്തിൽ പുടിൻ പതിനായിരക്കണക്കിന് സൈനികട്രൂപ്പുകളെ ഉക്രൈൻ അതിർത്തിയിൽ വിന്യസിക്കുകയും നാറ്റോ സഖ്യത്തിന്റെ വ്യാപനം അവസാനിപ്പിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. ബൈഡൻ ഗവൺമെന്റ് ഉക്രൈനിൽ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുവാൻ തയ്യാറായെങ്കിലും ഒരിക്കലും നാറ്റോയിൽ ഉക്രൈനെ അംഗമാക്കരുതെന്ന റഷ്യയുടെ ആവശ്യം തള്ളി.

 റഷ്യൻ പട്ടാളം ഉക്രൈൻ അതിർത്തിയിൽ ( സാറ്റലൈറ്റ് ചിത്രം)
2022 ഫെബ്രുവരി 24ന്  ഉക്രൈനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച വിഘടനവാദികളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളെ റഷ്യ അംഗീകരിക്കുകയും അവിടേയ്ക്ക് പട്ടാളത്തെ ഇറക്കുകയും ചെയ്തു. ഉക്രൈൻ ഭരിക്കുന്നത് നാറ്റോ നിയന്ത്രിക്കുന്ന പാവ ഭരണകൂടമാണെന്നും പുടിൻ ആരോപിച്ചു. ഇതേതുടർന്ന് ജർമ്മനി റഷ്യയുമായുള്ള ഗ്യാസ് പൈപ്പ് ലൈൻ അടച്ചിടുകയും അമേരിക്കയും , യൂറോപ്പ്യൻ യൂണിയനും , യുണൈറ്റഡ് കിങ്ഡവും അധിക സാമ്പത്തിക ഉപരോധം റഷ്യയുടെ മേൽ ചുമത്തുകയും ചെയ്തു.

ഉക്രൈനിലെ  റഷ്യൻ അധിനിവേശത്തിൽ രണ്ടു ദിവസം കൊണ്ട് 198 സാധാരണ പൗരന്മാർ മരിക്കുകയും 1000ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിൽ ഈ സംഖ്യ വളരെയേറെ വർദ്ധിക്കാനും സാധ്യതയുണ്ട്.

ഉക്രൈൻ യുദ്ധരംഗത്തുനിന്നുള്ള ദൃശ്യം
ഉക്രൈൻ പ്രശ്നം വഷളാക്കുന്നതിൽ അമേരിക്കൻ നിലപാടുകൾക്ക് പങ്കുണ്ടെന്നത് വാസ്തവമാണ്.  എന്നാൽ കാലങ്ങളായി  ഉക്രൈൻ പുലർത്തിപ്പോന്ന ആശങ്കകൾ ശരി വയ്ക്കുന്നതായിരുന്നു റഷ്യയുടെ നീക്കങ്ങളെല്ലാം.അമേരിക്കയെ വെല്ലുന്ന സാമ്രാജ്യത്വ സ്വപ്നങ്ങളെ  താലോലിക്കുന്ന വ്ലാദിമിർ പുടിൻ എന്ന ഏകാധിപതിയുടെ വിഭാവനങ്ങളുടെ ആദ്യപടി മാത്രമാണ് ഉക്രൈൻ അധിനിവേശം.  

വ്ലാദിമിർ സെലൻസ്കി യുദ്ധമുഖത്ത്
ഉക്രൈന്റെ മൂന്നു ഭാഗത്തു കൂടിയാണ് റഷ്യൻ സൈന്യം ഉള്ളിൽ പ്രവേശിച്ചത്. പൂർണ്ണമായ ഒരു അധിനിവേശം തന്നെയാണ് റഷ്യയുടെ ലക്ഷ്യം.ഉക്രൈൻ സർവ്വ ശക്തിയോടെ ചെറുത്തു നിൽക്കുന്നുമുണ്ട്. റഷ്യയുടെ പ്രാഥമിക പദ്ധതികൾ ഫലവത്താകുവാൻ വൈകുന്നതും സൈന്യത്തോടൊപ്പം ഉക്രൈൻ ജനതയും  ആയുധമെടുത്ത് പോരാടുന്നതും  ഇന്ത്യയടക്കമുള്ള നിഷ്പക്ഷ രാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്തതും റഷ്യക്ക് തിരിച്ചടിയായിട്ടുണ്ട്. റഷ്യയിലും ലോകമൊട്ടാകെയും ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന പുടിൻ വിരുദ്ധവികാരവും പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുടെ ധീരോദാത്തമായ നിലപാടുകളും അമേരിക്കയുടെ സൈനിക സഹായവുമെല്ലാം പ്രതിരോധം സാധ്യമാണെന്ന പ്രതീക്ഷ ഉക്രൈന് നൽകുന്നുമുണ്ട്. ഇവയെയെല്ലാം മുൻനിർത്തി ഉക്രൈൻ പ്രതിസന്ധിയെ വിശകലനം ചെയ്യുമ്പോൾ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള സംഭവവികാസങ്ങളിലൂടെയാണ് ഈ കിഴക്കൻ യൂറോപ്യൻ രാജ്യം ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് നിശ്ചയമായും അനുമാനിക്കാം.

ഉക്രൈനിൽ നിന്നും പലായനം ചെയ്യുന്ന അഭയാർഥികൾ 
ഉക്രൈൻ യുദ്ധമുഖത്തു നിന്നുള്ള ചിത്രങ്ങൾ കാണാൻ ലിങ്ക് തുറക്കുക
തയ്യാറാക്കിയത്: സത്യജിത്ത് എം എസ് , വെഞ്ഞാറമൂട്.

Top Post Ad

Below Post Ad