Ads Area

യു.എ.ഇ Do's and Don'ts

നിയമങ്ങളും നടപടിക്രമങ്ങളും ഇന്ത്യയിൽനിന്ന് ഏറെ വ്യത്യസ്തമായ യു.എ.ഇയിൽ ജോലി ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട  കാര്യങ്ങളാണ് ഇവിടെ പറയുന്നത്. യു.എ.ഇ പൗരന്മാർക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും പ്രവാസികൾക്ക് ലഭിക്കണമെന്നില്ല.നിയമലംഘനങ്ങളിൽ അറിഞ്ഞോ അറിയാതെയോ പങ്കാളികളാകുമ്പോഴോ അല്ലെങ്കിൽ അവയ്ക്ക് ഇരയാകുമ്പോഴോ ആയിരിക്കും പലരുമിത് തിരിച്ചറിയുക.എപ്പോഴും സഹപ്രവർത്തകരുമായും മലയാളി സംഘടനകളുമായും സജീവമായ ബന്ധം നിലനിർത്താൻ ശ്രദ്ധിക്കുക. 

ഇതുകൂടാതെ, ചെയ്യേണ്ട കാര്യങ്ങൾ 

പ്രവാസികൾ തങ്ങളുടെ അവകാശങ്ങളും പരിമിതികളും  തിരിച്ചറിയുവാൻ  യു എ ഇയിൽ നിലവിലുള്ള ലേബർ നിയമങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം.  ജോലി ചെയ്യേണ്ട സമയം, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, ലഭിക്കേണ്ട വേതനം, ജോലിയിൽ ഉള്ള സെക്യൂരിറ്റി എന്നിവ അറിയുന്നതിന്  ഈ നിയമങ്ങൾ സഹായിക്കുന്നതാണ്.

യ.എ.ഇയിലെ സ്വകാര്യമേഖലയിലെ തൊഴിൽനിയമങ്ങളെക്കുറിച്ച് കൂടുതലറിയുവാനായി ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കുക: ഇവിടെ നോക്കുക

പോലീസ്, അഗ്നിശമനസേന, ആശുപത്രി,ആംബുലൻസ്, ഇന്ത്യൻ എംബസി,ഇന്ത്യൻ അസോസിയേഷൻ തുടങ്ങിയ സ്ഥാപനങ്ങളുമായും ഏജൻസികളുമായും ബന്ധപ്പെടുവാനുള്ള ഫോൺനമ്പറുകൾ കയ്യിൽ കരുതുക. ഏതെങ്കിലും ആവശ്യങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാൽ കൃത്യമായി ബന്ധപ്പെട്ട മേഖലകളിലെ അധികാരികളെ അറിയിക്കുക.

ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും ദുരുപയോഗിക്കലുകളോ ,  പീഡനങ്ങളോ ഉണ്ടായാൽ പോലീസിൽ ഉടനെ തന്നെ അറിയിക്കുക. ഇങ്ങനെയുള്ള അവസരങ്ങളിൽ വേഗത്തിൽ തന്നെ നിയമ സംരക്ഷണം നേടുകയും വേണം.

ജോലി സ്ഥലങ്ങളിൽ ഏതെങ്കിലും പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാൽ  കൃത്യമായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ഓഫ് ലേബറുമായി ( Ministry of Human Resource of Labour (MOHRE) ) ബന്ധപെടുക. പരാതികൾ ബോധിപ്പിക്കുവാൻ  വർക്ക് പെർമിറ്റ്  കാലാവധി കഴിയുന്നതിനു മുമ്പ് തന്നെ ബന്ധപ്പെടേണ്ടതുണ്ട്. ഇതിനുശേഷമാണ്  MOHREയുമായി ബന്ധപ്പെടുന്നതെങ്കിൽ  പരാതികൾ രജിസ്റ്റർ ചെയ്യുവാൻ കഴിയുന്നതല്ല,ഇത് യു എ.ഇ ലേബർ നിയമം ആർട്ടിക്കിൾ 6 അനുസരിച്ച് നിയമവിരുദ്ധവുമാണ്.

മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ഓഫ് ലേബറുമായി ബന്ധപ്പെടുവാൻ: CLICK HERE

പരാതി സമർപ്പിക്കേണ്ടത് എങ്ങനെ: ഇവിടെ നോക്കുക

പ്രവാസികൾ അവരുടെ  മെഡിക്കൽ രേഖകൾ, ഏറ്റവും പുതിയ പാസ്പോർട്ടിൻ്റെ കോപ്പി, വിസയുടെ കോപ്പി, പുതുക്കിയ വർക്ക് കോൺട്രാക്ട്, സാമ്പത്തിക രേഖകൾ, ജോലി ചെയ്യുന്ന കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, റെസിഡൻസ് അഡ്രസ്, തുടങ്ങിയവ കൃത്യമായി കയ്യിൽ സൂക്ഷിക്കണം. കൂടാതെ ഏന്തെങ്കിലും ആവശ്യം ഉണ്ടായാൽ എത്തിച്ചു തരാനായി  ഇവയുടെയെല്ലാം കോപ്പികൾ വീട്ടിലും ഏൽപ്പിക്കുക.

ആവശ്യമായ രേഖകൾ എല്ലാം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ പണമിടപാടുകൾ നടത്തുവാൻ പാടുള്ളൂ. ഇതിനൊപ്പം കൃത്യമായ് നികുതി അടയ്ക്കുവാനും ശ്രദ്ധിക്കണം. നിയമപ്രകാരമുള്ള നികുതി അടയ്ക്കാതിരിക്കുന്നത് കുറ്റകരമാണ്.ഇത് കൂടാതെ നിയമ വിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതും അതിന് സഹായം ചെയ്യുന്നതും കുറ്റകരമാണെന്നും ഓർക്കുക.

ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് മതിയായ കോർപ്പസ് ലഭിക്കുന്നതിന്  ജോലിയിൽ കയറുന്ന സമയത്ത് തന്നെ ഏതെങ്കിലും പെൻഷൻ സ്കീമിൽ ചേരാൻ ശ്രദ്ധിക്കുക.

സിംകാർഡ്, പാസ്പോർട്ട്, ഐഡി കാർഡ്, ഇമെയിൽ അക്കൗണ്ട് ഇത്തരത്തിലുള്ള ഏതെങ്കിലും തരത്തിലുള്ള വ്യക്തി വിവരങ്ങളടങ്ങിയ രേഖകളുടെ മോഷണങ്ങൾ നടക്കാതെ ശ്രദ്ധിക്കുക.അശ്രദ്ധമായി ഈ വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറുകയും ചെയ്യരുത്. ഇവ ആവശ്യപ്പെടുന്ന വ്യക്തികളെയോ അനധികൃത സ്ഥാപനങ്ങളെയോ സംശയദൃഷ്ടിയോടെ മാത്രം സമീപിക്കുക.ഇത്തരത്തിലുള്ള സംഭവങ്ങൾ  ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും വേണം.

കൃത്യമായിട്ടുള്ള ആരോഗ്യ ഇൻഷ്വറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ പ്ലാനുകൾ ഇന്ത്യയിലും യു എ യിലും എടുത്തിരിക്കണം. ഏതെങ്കിലും ഗുരുതരമായ രോഗങ്ങൾ ബാധിച്ചിട്ടുള്ളവർ  അതുമായി ബന്ധപ്പെട്ട ഇൻഷ്വറൻസുകൾ എടുത്തിരിക്കേണ്ടത്   അത്യാവശ്യമാണ്.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. ചെയ്യുന്ന ജോലിക്ക് അനുസൃതമായിട്ടുള്ള  ജീവിതം നയിക്കുക. യോഗ,കൃത്യമായ എക്സർസൈസ്  തുടങ്ങിയ ശീലങ്ങൾ വളർത്തിയെടുക്കുക

യു.എ.ഇ കോർട്ടിൽ അംഗീകരിക്കുന്ന പ്രവർത്തികൾ ചെയ്യാൻ ശ്രദ്ധിക്കണം. നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും നിയമ വിരുദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നതും കഠിനമായ ശിക്ഷ വിധിച്ചിട്ടുള്ള കുറ്റങ്ങളാണ്

ചെയ്യരുതാത്ത കാര്യങ്ങൾ

ഏതെങ്കിലും തരത്തിലുള്ള മതസ്പർധ വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ, മത വികാരങ്ങളെ വൃണപെടുത്തുന്ന രീതിയിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത് . യുഎഇ ഗവൺമെന്റ് ഇത്തരം പ്രവർത്തികളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.നമ്മുടെ നാട്ടിലെ അഭിപ്രായസ്വാതന്ത്ര്യബോധം  ഇവിടെ മതനിന്ദയായി വ്യാഖ്യാനിക്കപ്പെടാം. യു.എ.ഇ സമൂഹം  പിന്തുടരുന്ന  പാരമ്പര്യങ്ങളോ പൈതൃകങ്ങളോ ലംഘിക്കാതിരിക്കുക.

ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കാതിരിക്കുക. അനുവാദമില്ലാതെ ഏതെങ്കിലും വ്യക്തികളുടെ ഫോട്ടോയോ വീഡിയോയോ എടുക്കുകയോ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യാൻ പാടുള്ളതല്ല. അപകടങ്ങളുടെയോ മറ്റ് അത്യാഹിതങ്ങളുടെയോ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് പലരും തിരിച്ചറിയുന്നില്ല.

ഒ.ടി.പികൾ, പാസ്‌വേഡുകൾ, എ.ടി. എം പിൻ നമ്പർ തുടങ്ങിയവ ഏതെങ്കിലും വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ കൈമാറ്റം ചെയ്യാതിരിക്കുക. ബാങ്കുകളുടെ പ്രതിനിധികൾ ആരും ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി ഒരിക്കലും ഇടപാടുകാരെ സമീപിക്കുകയില്ല.

പൊതു സ്ഥലങ്ങളിലുള്ള മദ്യപാനം നിയമ വിരുദ്ധമാണ്.മദ്യപിച്ച് പൊതുസ്ഥലങ്ങളിൽ ഒരുകാരണവശാലും ചെല്ലരുത്. അനുവദനീയമായ സ്ഥലങ്ങളിലുള്ള മദ്യപാനം  പ്രശ്നമുള്ളതല്ല. 

എന്ത് ആവശ്യത്തിന്റെ പേരിലാണെങ്കിലും  ആർക്കുവേണ്ടിയാണെങ്കിലും ഏതെങ്കിലും ബ്ലാങ്ക് പേപ്പറിലോ ചെക്കിലോ ഒപ്പിടാതിരിക്കുക. ഇത് ഭാവിയിൽ വലിയ രീതിയിലുളള കുരുക്കുകൾക്ക്  കാരണമായേക്കാം.

എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ സ്പോൺസറിൽ നിന്നും ഓടിപ്പോവുകയോ ഒളിവിൽ പോവുകയോ ചെയ്യാതിരിക്കുക. ഇത് നിയമസഹായം ലഭിക്കുന്നതിന് തടസ്സമാകും. എന്ത് പ്രശ്നം ആണെങ്കിലും നേരിട്ട്  MOHREയുമായിട്ടോ ഇന്ത്യൻ എംബസിയുമായിട്ടോ ബന്ധപെടാൻ ശ്രദ്ധിക്കുക.ഇത്  കൃത്യമായ നിയമ പരിരക്ഷ ഉറപ്പാക്കുക.

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: റാണി ജെ മേരികുര്യൻ,ഇടുക്കി 

Top Post Ad

Below Post Ad