സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനങ്ങളുടെ റിവ്യൂവും റേറ്റിങും നല്‍കാനുള്ള ആപ്പ് പുറത്തിറക്കി സര്‍ക്കാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ് മുഖ്യമന്ത്രി പിണറായി വിജയനാണ് മൊബൈല്‍ ആപ്ലിക്കേഷനെ കുറിച്ച് അറിയിച്ചിരിക്കുന്നത്. സ്ഥാപനങ്ങളുടെ സേവനം മോശമാണെങ്കില്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശവും നല്‍കാനാകും.
സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫിസുകളിലെ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ 'എന്റെ ജില്ല' ആപ്പ് ആരംഭിച്ചത്.
ഈ ആപ്പിലൂടെ, പൗരന്മാര്ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവലോകനങ്ങള്‍ രേഖപ്പെടുത്താം. ഒന്ന് മുതല്‍ അഞ്ചു വരെ റേറ്റിങ് നല്‍കാനും സാധിക്കും. അവലോകനങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് മേല്‍നോട്ടം വഹിക്കും.
ഇനി വില്ലേജ് ഓഫീസോ, പോലീസ് സ്റ്റേഷനോ, അക്ഷയ സെന്ററോ ആവട്ടെ അവയുടെ നിലവാരം നിങ്ങൾക്ക് രേഖപെടുത്താം.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'എന്റെ ജില്ല' ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് പൊതു സേവനങ്ങളുമായി ബന്ധപ്പെടാനും അവലോകനം ചെയ്യാനും സാധിക്കും. മൊബൈല്‍ നമ്പര്‍ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് താല്പര്യം ഉണ്ടെങ്കില്‍ മാത്രമേ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്തുകയുള്ളു. ഡൗൺലോഡ് ലിങ്ക് ചുവടെ കൊടുക്കുന്നു.