ഡാര്‍ക് വെബിലുടെ മയക്കുമരുന്നു കള്ളക്കടത്ത്, കണ്ടെത്തി ബെംഗളൂരു പൊലീസ്

ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബിലൂടെയുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ബെംഗളൂരു പൊലീസ് കണ്ടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. സേര്‍ച്ച് എൻജിനുകള്‍ക്കു പോലും പ്രവേശിക്കാന്‍ സാധിക്കാത്ത ഇന്റര്‍നെറ്റ് ലോകമാണ് ഡാര്‍ക്‌വെബ് അല്ലെങ്കില്‍ ഡാര്‍ക് നെറ്റ്. ഇവിടെ നടക്കുന്ന ഇടപാടുകാര്‍ക്ക് തമ്മില്‍ തമ്മില്‍ അറിയാന്‍ പോലും സാധിക്കണമെന്നില്ല. ഇതിനാല്‍ തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമായി മാറുകയാണ് ഡാര്‍ക് വെബ്. മയക്കുമരുന്ന്, മോഷ്ടിച്ച ഡേറ്റ, ഹാക്കിങ്ങിനുള്ള സോഫ്റ്റ്‌വെയര്‍ തുടങ്ങിയവ മുതല്‍ പോണോഗ്രഫി വരെ ഇവിടെ വ്യാപാരം നടത്തുന്നു. വിവരങ്ങള്‍ ചോരാതിരിക്കാന്‍ ക്രിപ്‌റ്റോകറന്‍സി വഴിയുള്ള പണമടയ്ക്കലിനാണ് ഡാര്‍ക് വെബില്‍ ഏറ്റവും സ്വീകാര്യത.

ഇത്തരം ഒരു ലോകത്തേക്ക് കടന്നു കയറാനായ ബെംഗളൂരു പൊലിസിന് ഇപ്പോള്‍ ഡാര്‍ക് വെബ് നിരീക്ഷണ യൂണിറ്റ് പോലുമുണ്ട്. ഇതിനെല്ലാം തുടക്കമിട്ടത് രാഹുല്‍ തുളസിറാം എന്ന 28-കാരനായ ബിസിനസുകാരന്‍ നഗരത്തിലേക്ക് ധാരാളമായി എന്‍എസ്ഡി എത്തിക്കുന്നുണ്ടെന്നു മനസ്സിലാക്കിയതാണ്. അയാളെ ചോദ്യം ചെയ്തതില്‍ നിന്നു മനസ്സിലായത് തമിഴ്‌നാട്ടില്‍ നിന്നാണ് മയക്കുമരുന്ന് എത്തുന്നതെന്നാണ്. അതിനുള്ള പണമടയ്ക്കല്‍ താന്‍ ഡാര്‍ക് വെബ് വഴി നടത്തുന്നുവെന്നും അയാള്‍ വെളിപ്പെടുത്തിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഡാര്‍ക്‌വെബിലെ ഇടപാടുകള്‍ പൊലിസിന് എളുപ്പത്തില്‍ കണ്ടെത്താനാകുന്നവ ആയിരുന്നില്ല.

ഇന്റർനെറ്റിൽ കയറാൻ ഏറ്റവും സുരക്ഷിതമായ ഈ ബ്രൗസർ ഡൌൺലോഡ് ചെയ്യുക

എന്തായാലും, രാഹുലില്‍ നിന്നു ലഭിച്ച വിവരം ഉപയോഗിച്ച് ബെംഗളൂരു പൊലിസ് തമിഴ്‌നാട്ടില്‍ നിന്ന് മയക്കുമരുന്നു കയറ്റിവിടുന്ന വ്യക്തിയുമായി ബന്ധപ്പെടുകയായിരുന്നു. ഇയാള്‍ സേലത്തെ ഒരു പോസ്റ്റ് ഓഫിസ് വഴിയാണ് മയക്കുമരുന്നു അയയ്ക്കുന്നതെന്നു കണ്ടെത്തി. ആ വ്യക്തി സി. ബാലാജി (48) ആണെന്നു മനസ്സിലായതോടെ അയാളും അറസ്റ്റിലായി. തനിക്ക് എല്‍എസ്ഡി എത്തുന്നത് യൂറോപ്പില്‍ നിന്നാണെന്നും ഡാര്‍ക് വെബ് വഴിയുള്ള ഇടപാടുകളാണ് തന്റേതെന്നും അയാള്‍ സമ്മതിച്ചു. കന്യാകുമാരി മുതല്‍ ഡല്‍ഹി വരെയുള്ള സ്ഥലങ്ങളില്‍ ഡാര്‍ക് വെബില്‍ നിന്നു വാങ്ങിയ മയക്കുമരുന്ന് വിറ്റിരുന്നവരാണ് ബാലാജിക്കൊപ്പം പിടിയിലായത്. 

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ബെംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ മയക്കു മരുന്നു പിടികൂടുന്നതിന്റെ രഹസ്യങ്ങളിലൊന്ന് ഡാര്‍ക് വെബ് നിരീക്ഷണമാണ്. എല്‍എസ്ഡി, എംഡിഎംഎ തുടങ്ങിയവയുടെ വരവ് നിയന്ത്രിക്കാനായെങ്കിലും കൊക്കെയ്ന്‍ വരുന്ന വഴി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികാരികള്‍ സമ്മതിക്കുന്നു. പൊലിസ് ടീം ആദ്യമായി നടത്തിയ നീക്കങ്ങളിലൊന്നിലാണ് ശ്രീകി (Sriki) എന്ന പേരില്‍ അറിയപ്പെടുന്ന കുപ്രസിദ്ധ ഹാക്കര്‍ ശ്രീകൃഷ്ണാ രമേശും (Srikrishna Ramesh) കൂട്ടാളികളും പിടിയിലായത്. ഇയാളും ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് മയക്കുമരുന്ന് ഡാര്‍ക് വെബില്‍ നിന്നു വാങ്ങിയിരുന്നു.